അദ്ധ്യായം ഒന്ന്

1986-ലെ ശരത്കാലത്തിൽ ഒന്നിന് പിറകെ ഒന്നായി സംഭവിച്ച ചില തമാശകൾ, അച്ഛന് പകരം എന്നെ, ചൈനയിലെ തുർകിസ്ഥാനും ലണ്ടനിലെ ടീച്ചിങ് ഹോസ്പിറ്റലും വഴി, ചിറാപുഞ്ചിയിലെത്തിച്ചു.


ഞാൻ പാകിസ്ഥാനിൽ നിന്നും കര വഴി പശ്ചിമ ചൈനയിലെ കഷ്ഗറിലേക്ക് യാത്ര ചെയ്യുകയായിരുന്നു. മൂന്നു ദിവസത്തെ യാത്ര തുടങ്ങിയത് ആയിടക്ക് തുറന്ന കാരക്കോറം ഹൈവേയിൽ നിന്നാണ്. പഴയ സിൽക്ക് റോഡിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് നിർമിച്ച, 470 മൈൽ നീളമുള്ള, തുടർച്ചയായ കയറ്റങ്ങൾ നിറഞ്ഞ, ഈ പാത അവസാനിക്കുന്നത് ചൈനയുടെ അതിർത്തിയിലാണ്.  ഇരു വശങ്ങളിലായി അണിചേർന്ന ചെറു മലകൾക്കൊപ്പം വിരാജിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ മലകളിലൊന്നായ രാകാപോഷി തന്റെ കോറസിനൊപ്പം പ്രത്യക്ഷപ്പെട്ട ഒരു ഗതകാല മ്യൂസിക് ഹാൾ താരത്തെ അനുസ്മരിപ്പിച്ചു. തുടർന്ന് ആ മലകൾ താണ്ടി  ഒളിച്ചിരുന്ന ഹുസ്ന താഴ്വരയുടെ  സൗദര്യത്തിൽ മയങ്ങി ഞങ്ങൾ യാത്ര ചെയ്തു. വയലുകളിൽ വിളഞ്ഞു പാകമായ മുതിര മണികൾ  അസ്തമയ സൂര്യന്റെ കിരണങ്ങളേറ്റ് പിങ്ക് നിറമാർന്നത് കണ്ടു. എങ്ങും, വാല്നട് മരങ്ങൾക്കിടയിൽ വലിച്ചു കെട്ടിയ, പട്ടുവസ്ത്രങ്ങളിൽ തീർത്ത, ബാനറുകൾ കാണാമായിരുന്നു. ആവശ്യാനുസരണം പ്രവർത്തിച്ചിരുന്ന ഒരു മാണിക്യ ഖനിയോട് ചേർന്ന്, ഞങ്ങൾ, ആപ്രികോട് വാങ്ങാനായി, നിർത്തി. സിൽക്ക് റോഡ് വഴി യാത്ര ചെയ്തിരുന്നവരിൽ നിന്നും ചുങ്കം പിരി ക്കുന്നതിനായി മധ്യകാലത്ത്  നിർമിച്ച ഒരു കോട്ട അവിടെ കണ്ടു. ചുങ്കം കൊടുക്കാത്തവരെ ലക്‌ഷ്യം വച്ച്, കോട്ടയിലെ വീഞ്ഞുണ്ടാകുന്ന മുറിയിൽ നിന്ന്, മാണിക്യം കൊണ്ട് നിർമിച്ച വെടിയുണ്ടകൾ, പാഞ്ഞിരുന്നത്രെ.

ഗട്ടറുകൾ കൊണ്ട് നിറഞ്ഞ കാരക്കോറം ഹൈവേയിലൂടെ ഞങ്ങൾ ഫോർമുല വൺ റേസിംഗ് നടത്തുകയായിരുന്നു. കൊക്കയിലേക് വീഴാതെ ഡ്രൈവർ വണ്ടി വെട്ടിച്ചു കൊണ്ടുമിരുന്നു. കുത്തനെയുള്ള പാറമുഖങ്ങൾ നിരപ്പാക്കാനുള്ള സാങ്കേതിക വിദ്യ പാക്സിസ്ഥാനില്ല; എങ്കിലും മുന്നിൽ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് തീവ്രതയൊട്ടും ചോരാതെ സൂചന നൽകുന്ന നോട്ടീസുകൾ ഉണ്ടാക്കാൻ കഴിവുള്ള അടയാളമെഴുത്തുകാർക്ക് അവിടെ പഞ്ഞമില്ല. 12000 അടി മുകളിൽ വിറച്ച് കൊണ്ട് ഖുഞ്ചെറബ് പാസും കടന്ന്, തണുത്തുറഞ്ഞ, പൊടി നിറഞ്ഞ, ചൈനയുടെ കുംഭ ഗോപുരം ലക്‌ഷ്യം വച്ച് ഞങ്ങൾ യാത്ര തുടർന്നു. ഒരു വശത്ത് കുലുൺ മല  നിരകൾ; മറുവശത്ത് പാമീർ പീഠ ഭൂമി; കാരക്കോറം ഞങ്ങൾക്ക് മുന്നിൽ അതി ഭയങ്കരമാം വിധം ഔന്നിത്യം കൈവരിച്ച് കൊണ്ട് കിടക്കുകയാണ്. മനുഷ്യന്റെ കണ്ണുകൾക്ക് ആ ഭൂഭാഗങ്ങളുടെ വിശാലത ഉൾക്കൊള്ളാനുള്ള കഴിവില്ല പോൽ. തലച്ചോറിലേക്ക് അയക്കുന്ന സന്ദേശങ്ങൾ സംശയ നിവാരണത്തിന് തിരിച്ചയക്കപെട്ടുകൊണ്ടിരുന്നു.

കുണ്ടും കുഴിയും കല്ലുകളും നിറഞ്ഞ വഴികളിലൂടെ വളരെ വേഗത്തിലാണ് ഡ്രൈവർമാർ വണ്ടി ഓടിക്കുന്നത്. ചെറു അരുവികൾ മുറിച്ചു കടക്കേണ്ടി വരുമ്പോൾ മാത്രം ഒന്ന് വേഗത കുറയ്ക്കും. ചില അവസരങ്ങളിൽ ഗതി മാറി, യാക്കുകൾ മേഞ്ഞു നടക്കുന്ന പുല്മേടുകൾക്ക് കുറുകെ വിചത്രമായ കുഴികൾ നിറഞ്ഞ വഴികളിലൂടെ, വളരെ ദൂരം, സഞ്ചരിക്കേണ്ടി വന്നപ്പോഴും വേഗത കുറക്കാൻ ഡ്രൈവർ തയ്യാറായില്ല. തക്ല മാക്കാൻ മരുഭൂമിയിലേക്കുള്ള ഇറക്കത്തിൽ, ഭൂമികുലുക്കത്തിൽ തകർന്നതും പോരാതെ ഡൈനാമൈറ്റ് ഉപയോഗിച്ച് തകർത്തതുമായ, പാറകഷ്ണങ്ങളുടെ കൂമ്പാരങ്ങൾ നിറഞ്ഞ, ഒരു പ്രദേശത്തേക്കാണ് ഞങ്ങൾ പ്രവേശിച്ചത്. അവിടെ ചിലർ ഒരു റോഡ്  തട്ടികൂട്ടുന്ന തിരക്കിലായിരുന്നു.  ഞങ്ങൾക്ക് പ്രതിബന്ധം സൃഷ്ടിച്ചു കൊണ്ട് ബുൾഡോസറുകൾ പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു. ഒരെണ്ണം വളരെ കഷ്ടപ്പെട്ട് വൃത്തിയാക്കിയ സ്ഥലത്ത്  മറ്റൊരെണ്ണം കല്ലുകൾ കൊണ്ട് വന്ന് ഇടുന്നു. 'എല്ലാരും കണക്കാണെ'ന്നു ഞങ്ങളുടെ ഡ്രൈവർ പിറുപിറുക്കുന്നുണ്ടായിരുന്നു. പൊടി പടലങ്ങൾ നിറഞ്ഞ  അപകടം പതിയിരിക്കുന്ന ആ  പ്രദേശത്ത്  അവർ ഒന്നും ശരിയാക്കുന്നില്ലെന്നു മാത്രമല്ല വളരെയധികം ആശയ കുഴപ്പം സൃഷ്ടിച്ച് നമ്മെ ശരിക്കും ദേഷ്യം പിടിപ്പിക്കുന്നു.

വലിയ പാറകഷ്ണങ്ങളും കീഴ്മേൽ മറിഞ്ഞ ലോറികളും മറ്റും തള്ളി നീക്കുന്ന ബുള്ഡോസറുകൾക്ക് പിന്നാലെ സാവധാനത്തിൽ ഞങ്ങൾ വടക്ക് കിഴക്ക് ദിശയിലേക്ക് നീങ്ങി. ചില ലോറി ഡ്രൈവർമാർ, ഒരു തമാശക്ക്, ഞങ്ങളെ, താഴെയുള്ള നദീ തടത്തിലേക് തള്ളിയിടാൻ ശ്രമിച്ചു. പക്ഷെ ഞങ്ങളുടേത് ഒരു ഫോർ വീൽ ഡ്രൈവ് ആയിരുന്നു. ഡ്രൈവർ അതിന്റെ സാദ്ധ്യതകൾ  ഉപയോഗപ്പെടുത്തുന്നതിൽ സമർത്ഥനുമായിരുന്നു. ഞങ്ങൾ ഒരു കണക്കിന് താഴേക്ക് വീഴാതെ പിടിച്ചു നിന്നുവെങ്കിലും പലപ്പോഴും വണ്ടിയുടെ അടിവശം കൂർത്ത കൃഷ്ണ ശിലകളിൽ ഉരസുമ്പോഴുള്ള ഭയങ്കര മുഴക്കം  കേൾക്കാമായിരുന്നു.

യാത്രയുടെ അവസാന ഘട്ടത്തിൽ ഞങ്ങൾ തക്ല മാക്കാൻ മരുഭൂമിയിലെ തീരെ നിരപ്പല്ലാത്ത വളഞ്ഞു പുളഞ്ഞ ഒരു റോഡിലൂടെ 80 mph-ലാണ് കുതിച്ചു പാഞ്ഞത്. ഒടുവിൽ, അകെ അഴുക്ക് പുരണ്ട്, വേദന സഹിച്ച്,  കഷ്ഗറിലെത്തിയ ഞങ്ങൾ വിശപ്പകറ്റാൻ തണ്ണിമത്തങ്ങ  വാങ്ങി കഴിച്ചു. അവിടെ അവ നിസ്സാര വിലക്ക് ലഭിക്കും. കൂട്ടിയിട്ടിരുന്ന തണ്ണി മത്തങ്ങകളുടെ സുഖകരമായ ഗന്ധം അവിടെയെങ്ങും തങ്ങി നിന്നിരുന്നു.

കുറച്ചു ദിവസം കഷ്ഗറിൽ തങ്ങിയതിനു ശേഷം ഞങ്ങൾ വന്നത് പോലെ തന്നെ തിരികെ പോന്നു.

തിരികെ ലണ്ടനിൽ എത്തിയതിനു ശേഷം ഒരു ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ എനിക്കെന്റെ കാലുകളിൽ ഒരു മരവിപ്പ് അനുഭവപെട്ടു. പേടിക്കാനൊന്നും ഇല്ലെന്നു കരുതിയെങ്കിലും സംഗതി വിചിത്രമായി തോന്നി. ഒരു പക്ഷെ ഇറുകിപിടിച്ച ഷൂസൊപ്പിച്ച പണിയാവാം. അല്ലെങ്കിൽ കിടപ്പ് ശരി അല്ലാത്തത് കൊണ്ടാവാം. അടുത്ത ദിവസം  കാല്മുട്ടുകൾക്ക് മരവിപ്പ് അനുഭവപെട്ടു. പിന്നീടത് അരക്കെട്ടിലേക് പടർന്നു. ഞാനൊന്ന് അസ്വസ്ഥനായെങ്കിലും ധൈര്യം വീണ്ടെടുത്തു. അണുബാധയാവാനുള്ള സാധ്യത ഉണ്ട്. ഒരു പക്ഷെ കിഴക്കാൻ പ്രദേശങ്ങളിൽ നിന്നും കയറികൂടിയ ഒരു വൈറസ് ആവാം. ചിലപ്പോൾ മാനിസിക സമ്മർദ്ദം മൂലവും ഇങ്ങനെ സംഭവിക്കാം. എന്തെങ്കിലും കുഴപ്പമുണ്ടെന്നു അംഗീകരിക്കാൻ എന്റെ മനസ്സ് തയ്യാറല്ലായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ ഭാവനക്ക് അനുസരിച്ച് ഓരോന്ന് ചിന്തിച്ച് ഭയത്തെ ഒരു പരിധി വരെ അകറ്റി നിർത്താവുന്നതേയുള്ളു.

മരവിപ്പ് നെഞ്ചിലേക്കും അവിടെനിന്നു കൈകളിലേക്കും വ്യാപിച്ചപ്പോഴാണ് എന്റെ എല്ലാ വിശ്വാസങ്ങളും തകർന്നത്. കണങ്കൈയിൽ ചരട് വലിച്ചു മുറുക്കി കെട്ടുമ്പോഴുള്ള പോലത്തെ ഒരു തരിപ്പ്. അല്പം കഴിഞ്ഞാണ് മൾട്ടിപ്പിൾ സ്ക്ലെറോസിസിന്റെ ലക്ഷണങ്ങളാണ് കാണുന്നതെന്ന തിരിച്ചറിവുണ്ടാകുന്നതും ഞാൻ ശരിക്കും ഭയന്നതും.

ഡോക്ടർ വളരെ നിസ്സംഗനായി കാണപ്പെട്ടു. സന്തോഷിക്കാനുള്ള വക യൊന്നുമില്ലെന്ന് എനിക്കപ്പോഴേ മനസ്സിലായി. "അല്പം ഗുരുതരമാണ്",ഒടുവിൽ അദ്ദേഹം പറഞ്ഞു.

"എത്രത്തോളം? എന്താണ്  എന്റെ പ്രശ്നം?"

"എനിക്ക് മനസ്സിലാവുന്നില്ല"

"എം സ് ആണോ?

"ഉറപ്പില്ല. നിങ്ങൾക്കിത്രയും പ്രായമായില്ലേ. പൊതുവെ നാല്പത് കഴിഞ്ഞവരിൽ അത് കാണാറില്ല."

"വേറെ എന്താ ഇപ്പൊ?"

"പലതുമാവാം. ഒരു സ്പെഷ്യലിസ്റ്റിനെ കാണുന്നതാണ് നല്ലതെന്ന് തോന്നുന്നു. നമുക്ക് ശ്രമിക്കാം. നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ഒരു പക്ഷെ ജോൺ മോർഗൻ ഹ്യുഗ്സുനെ തന്നെ കാണാനൊത്തേക്കും"

അദ്ദേഹം അപ്പൊൾ തന്നെ ഫോണെടുത്ത് ലണ്ടണിലെ ക്വീൻ സ്ക്വയറിലുള്ള നാഷണൽ ഹോസ്പിറ്റൽ ഫോർ നെർവ്സ് ഡിസീസസ്-ലേക്ക് വിളിച്ചു. അഡ്മിഷൻ രജിസ്ട്രാർ ചോദിച്ച ഒരു ചോദ്യം അദ്ദേഹം എനിക്ക് നേരെ തട്ടി.

"എനിക്ക് ഉദ്ധാരണം ഉണ്ടാവാറുണ്ടോ എന്നോ?"

"അയാൾ ഓസ്‌ട്രേലിയക്കാരൻ ആണ്", ഡോക്ടർ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

അങ്ങനെയെങ്കിൽ അത് സ്വാഭാവികമായ ഒരു ചോദ്യമാണല്ലോ എന്ന് കരുതി ഒട്ടും കൂസാതെ തന്നെ ഞാൻ മറുപടി നൽകി. രജിസ്ട്രാർ എന്നോട് അടുത്ത ദിവസം കാലത്ത്  ഒൻപതു മണിക്ക് അവിടെ എത്താൻ ആവശ്യപ്പെട്ടു. ജോൺ മോർഗൻ ഹ്യൂഗ്സ് -നെ തന്നെ കാണാമെന്നും എനിക്കായി ഒരു ബെഡ് ഒരുക്കാമെന്നും അയാൾ അറിയിച്ചു.

തിരികെ പോകാൻ നേരം, നാഷണൽ ആണ് ഇപ്പൊ ഏറ്റവും തിരക്കുള്ള ആശുപത്രി എന്നും അവിടെ ന്യുറോളജി ആണ് ഏറ്റവും കേമമെന്നും, ഡോക്ടർ എന്നോട് പറഞ്ഞു. വിക്ടോറിയൻ കാലഘട്ടത്തിലെ പഴകി ജീർണിച്ച ഒരു കെട്ടിടമാ ഞാൻ കണ്ടത്. ആ സ്‌ക്വയറിൽ വണ്ടി പാർക്ക് ചെയ്യാനുള്ള സൗകര്യം പോലുമില്ലായിരുന്നു. അകത്ത് നിലം മെഴുകിയതിന്റെയും എന്തോ വറുക്കുന്നതിന്റെയുമൊക്കെ സുപരിചിതമായ ഗന്ധങ്ങൾ ഞാൻ ശ്രദ്ധിച്ചു. അവർ എനിക്ക് കാട്ടിത്തന്ന ലിഫ്റ്റ് വർക്ക് ചെയ്യുന്നുണ്ടായില്ല. പ്ലാസ്റ്ററിങ്ങില്ലാത്ത മേൽക്കൂരയിലെ വളരെ പഴക്കം ചെന്ന കുഴൽപ്പണികൾ നോക്കി മുറുമുറുത്തു കൊണ്ടിരുന്ന  ഒരു പണിക്കാരനോട് ഞാൻ വഴി ചോദിച്ചു. 'എനിക്കറിയില്ല മോനെ', അയാൾ അശ്രദ്ധമായി പറഞ്ഞു. അലക്ഷ്യമായി ഇടവഴികളിലൂടെ നടക്കുമ്പോൾ ഒരു ഔട്ട് പേഷ്യന്റ് വാർഡിന്റെ മുന്നിലൂടെ പോകാൻ ഇടയായി. അവിടെ,  തളർവാത്തിന്റെ വിറയലോടെ, വീൽ ചെയറിൽ, മനസ്സ് മടുത്തിരിക്കുന്ന ഒത്തിരി രോഗികളെ കണ്ടു.

വാർഡിലെ യുവാവായ ഒരു  ന്യൂറോളജിസ്റ് ഗൗരവ പൂർവം എന്നെ വീക്ഷിക്കുന്നത് ഞാൻ വളരെ ദൂരെ നിന്നേ കണ്ടിരുന്നു. അയാൾ എന്നോട് വസ്ത്രങ്ങൾ ഊരി മാറ്റാൻ പറഞ്ഞു. രോഗികളെ ആദ്യമായി  കാണുമ്പോൾ ഉണ്ടാവുന്ന ധാരണകൾക്ക് ന്യൂറോളജിസ്റ്റുകൾ വലിയ പ്രധാന്യമാണ് നൽകുന്നത്. പ്രത്യക്ഷത്തിലുള്ള ശാരീരിക വൈകല്യങ്ങളല്ലാതെ രോഗികളിൽ പതിയിരിക്കുന്ന ഗൂഢമായ മറ്റെന്തെങ്കിലും ലക്ഷണങ്ങൾ കാണാതിരിക്കില്ല. ഉദാഹരണത്തിന് അവർ പ്രകടിപ്പിക്കുന്ന അസ്വസ്ഥത, സംശയം, എതിർപ്പ്, വിഷാദം, അശ്രദ്ധ തുടങ്ങിയവ രോഗത്തെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ  നല്കുമത്രേ. എനിക്കിതെല്ലാമുണ്ടായിരുന്നു. ഞാൻ ഭയന്നിരുന്നു  താനും. അയാൾ എന്റെ അടുത്തു നിന്ന് ഓരോ ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങി.  ഒരു പഞ്ഞി കഷ്ണം വച്ച് എന്റെ കൈ-കാലുകൾ തുടച്ചപ്പോഴും സൂചി കൊണ്ട് അവിടെയൊക്കെ കോറിയപ്പോഴും അയാൾ ചിന്താധീനനായിരുന്നു . പിന്നീട് ഒരു റ്യുണിങ് ഫോർക് എന്റെ കാലുകളിലേക് ചേർത്ത് പിടിച്ച് എനിക്കെന്തെങ്കിലും അനുഭവപ്പെടുന്നുണ്ടോ എന്ന് ചോദിച്ചു. "ഫസ്റ്റ് ഡിവിഷൻ ഫുട്ബോൾ കളിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ന്യൂറോളജിയെന്നാണ് എന്റെ അഭിപ്രായം. ഞാൻ ഇത് നിർത്തി രക്തത്തിലേക്ക് കടന്നാലോ എന്ന് ആലോചിക്കുന്നുണ്ട്", അയാൾ പറഞ്ഞുകൊണ്ടിരുന്നു. എന്തൊക്കെയോ കുറിച്ചെടുക്കുന്നുമുണ്ടാണ്ടായിരുന്നു. "അതായത് ഹെമറ്റോളജി..ഇതിനോട്  കിടപിടിക്കാനൊന്നുമാവില്ലന്നറിയാം..ഇത്രക്ക് ആഢ്യത്വവും അവകാശപ്പെടാനൊക്കില്ലായിരിക്കാം. എങ്കിലും ഹെമറ്റോളജിസ്റ്റുകൾക്ക് ഭാര്യയോടൊപ്പം ചിലവഴിക്കാൻ സമയമുണ്ടാവും. അവർ മക്കളുടെ പിറന്നാളുകൾ ഓർത്തിരിക്കാറുണ്ട്"

"എന്റെ പ്രശനം എന്താണെന്ന് മനസ്സിലായോ?", ഞാൻ ചോദിച്ചു
"നോക്കട്ടെ.. ഉടനെ അറിയിക്കാം", അയാൾ ഉറപ്പു തന്നു.

ഒരു അമേരിക്കക്കാരൻ യുവാവും എന്നെ പരിശോധിച്ചു. അയാൾ ടെക്സസിലെ ഡാലസിൽ നിന്നുമാണ്. അവിടം ന്യൂറോളജിസ്റ്റുകളുടെ മക്കയാണെന്നയാൾ പറഞ്ഞു. എന്റെ വയറ്റിലൂടെ മൂർച്ചയുള്ള ഒരു പെൻസിലോടിച്ചു കൊണ്ട് അയാൾ തുടർന്നു. "ഇവിടെ ഒരു ഡസനോളം രാജ്യങ്ങളിൽ നിന്നെത്തിയ വിശ്വസ്തരുടെ സേവനം ലഭ്യമാണ്. നിങ്ങളെ കാണുന്ന അടുത്തയാൾ ഒരു തുർക്കിക്കാരനാണ്"

"എനിക്ക് മുൾട്ടിപ്പിൾ  സ്ക്ലെറോസിസാണോ?", ഞാൻ ചോദിച്ചു

അയാൾ ചോദിച്ചു "ഹേ, നിങ്ങൾ ഈ വാക്കുകൾ ഒക്കെ എവിടെ നിന്ന് പഠിച്ചു?" എന്നിട്ട് പൊടുന്നനെ എന്റെ കാലിന്റെ ഉള്ളടി വരെ പെന്സില് കൊണ്ട് വരച്ചു.

തുർക്കിക്കാരന് കുറച്ചു കൂടെ മര്യാദയുണ്ടായിരുന്നു. പക്ഷെ സൂചി കൊണ്ടുള്ള പ്രയോഗം അല്പം കടന്നു പോയി. അയാൾ എന്നെ ഒറ്റക്കാലിൽ നിർത്തി എന്നിട് ഏതാനും ചില വിരലുകൾ കൊണ്ട് മൂക്കിൽ തൊടുവിച്ചു. ശേഷം പുള്ളി കട്ടിലിൽ ഇരുന്ന് തുർക്കി ഭാഷയിൽ കുറിപ്പുകൾ എഴുതാൻ തുടങ്ങി.

"നാളെ സൂര്യോദയം കാണാൻ ഞാൻ ഉണ്ടാകുമോ?", ഞാൻ ചോദിച്ചു 

അള്ളാ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ എല്ലാം നടക്കുമെന്ന് അയാൾ പറഞ്ഞു. ഹോംങ്ങ് കോങ്ങിൽ നിന്നും വന്ന ഒരു ലേഡി ന്യൂറോളജിസ്റ് ഞാൻ വായിച്ചു കൊണ്ടിരുന്ന പുസ്തകം കണ്ട് അതെഴുതിയ ബ്രൂസ് ചാട്വിന്റെ രചനകളെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് എന്നോട് പങ്കുവച്ചു.ഒരു ഡാനിഷ് ന്യൂറോളജിസ്റ് വന്ന് എനിക്ക് കൈകൾ വളക്കാനും തിരിക്കാനും മറ്റും സാധിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു.'നിങ്ങൾക്ക് ഒരു ഗ്ലാസ് താഴെ വീഴാതെ പിടിക്കാൻ കഴിയുമെന്നാണ് തോന്നുന്നത്. വൈകിട്ട് അത്താഴം കഴിഞ്ഞു സ്‌ക്വയറിനപ്പുറത്തെ പബ്ബിൽ ചെന്ന് ബെസ്റ് ബിറ്റർ രണ്ട് പൈന്റ് അടിക്ക്. നിങ്ങൾക്കുള്ള എന്റെ മരുന്ന് അതാണ്'
ഗൗരവക്കാരനായ ഒരു യുവ ബ്രിട്ടീഷ് രെജിസ്ട്രാറ് വന്ന് പരിശോധിച്ചിട്ട്.ചില ടെസ്റ്റുകൾ ചെയ്യണമെന്ന് പറഞ്ഞു. അതൊക്കെ എന്തിനാണെന്ന് അയാൾക്ക് മാത്രമറിയാം. പിന്നെ ഉത്‌ക്കണ്‌ഠാകുലരായ ഒരുപറ്റം യുവ ന്യൂറോളജിസ്റ്റുകളെ നയിച്ചുകൊണ്ട് തിരക്കിട്ട് നമ്മുടെ കൺസൽറ്റന്റും എത്തി. ജോൺ മോർഗൻ ഹ്യുഗ്സ്, ശരീര പുഷ്ടിയുള്ള, മാന്യമായി വസ്ത്രം ധരിച്ച, ഒരു വ്യക്തിയായിരുന്നു . അദ്ദേഹത്തിന്റെ കണ്ണുകളിൽ തീവ്രതയുണ്ടായിരുന്നു. വാക്കുകളിൽ ആത്മ വിശ്വാസം സ്പുരിക്കുന്നുണ്ടായിരുന്നു. എന്നോട് ഗുഡ് ഈവെനിംഗ് പറഞ്ഞ ശേഷം അദ്ദേഹം ഒരു ചുറ്റിക കൊണ്ട് എന്റെ കാലിൽ തട്ടി.  

"ഞാൻ നിങ്ങളുടെ ഫിസിഷ്യനോട് സംസാരിക്കുകയായിരുന്നു,' അദ്ദേഹം തുടർന്നു.' അദ്ദേഹം പറഞ്ഞു താങ്കൾ ഒരു ജീപ്പിൽ പശ്ചിമ ചൈന വരെ പോയി എന്ന്.'

"അത് ശരിയാണ്"

"റോഡ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു"
"മോശമായിരുന്നു"
"എത്ര കണ്ട്  മോശമായിരുന്നു?"

ഞാൻ റോഡിൻറെ അവസ്ഥയെകുറിച്ച് ഒരു ലഘു വിവരണം നൽകി. അദ്ദേഹം തല കുലുക്കി കേട്ടിരുന്നു.

"അതും എന്റെ രോഗവുമായിട്ട് എന്താ ബന്ധം?"


"ബന്ധമുണ്ടാവാമല്ലോ..പക്ഷെ ആദ്യം വേറെ ചില സാധ്യതകൾ  ഒഴിവാക്കേണ്ടതുണ്ട്" അദ്ദേഹം ചിരിച്ചു കൊണ്ട് എന്റെ കയ്യിൽ തലോടി. എന്നിട് അടുത്ത ബെഡിൽ കിടക്കുന്ന രോഗിയുടെ കാലിൽ ചുറ്റിക കൊണ്ട് തട്ടാനായി പോയി.

ആ വൈകുന്നേരം  എന്റെ വാർഡിൽ ഉള്ള എല്ലാവരും എഴുന്നേറ്റു പബ്ബിൽ പോയി. ഞങ്ങൾ പരസ്പരം ചിലവ് ചെയ്തു. രോഗ ലക്ഷണങ്ങളെ പറ്റിയും ചികിത്സകളെ പറ്റിയും സംസാരിച്ചു. ഒരു തവിട്ടു നിറക്കാരൻ സ്റ്റോക്ക് ബ്രോക്കർ രണ്ട് ദിവസത്തിനുള്ളിൽ നീക്കം ചെയ്യാൻ പോകുന്ന ഒരു ബ്രെയിൻ ട്യൂമറിനെ പറ്റി സംസാരിച്ചു. എം എസ് ബാധിച്ച രണ്ടാളുകൾ, മൂന്നു പേരെ കയറ്റാവുന്നതും, അതി വേഗത്തിൽ കുന്നിറങ്ങി വരാൻ കെൽപ്പുള്ളതും, ആയ ഒരു പുതിയ വീൽ ചെയർനെ പറ്റി ഉത്സാഹപൂർവം സംസാരിച്ചുകൊണ്ടിരുന്നു.  നാഷണലിൽ തനിക്ക് തീരെ ഇഷ്ടപെടാത്തത് സൂചികളാണെന്ന്  ഒരു കറുമ്പൻ യുവാവ് അഭിപ്രായപ്പെട്ടു. 'ഞാൻ രാത്രി ദുസ്വപ്നം കണ്ട് എഴുന്നേൽക്കാറുണ്ട്. നിങ്ങൾക്ക് മയേലോഗ്രാം ചെയ്തോ? നട്ടെല്ലിൽ ? അവര് ആണിയാണ് അടിച്ചു കയറ്റുക'. പബ്ബ് അടച്ചപ്പോൾ ഞങ്ങളെല്ലാം വേച്ചുവേച്ച് വാർഡിലേക്ക് തിരികെ നടന്നു. അന്ന് രാത്രി ഒരു ഫിലിപ്പിനോ നേഴ്സ് ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ഞങ്ങൾക്ക് കൊക്ക തന്നു.

അടുത്ത ദിവസം രാവിലെ മുതൽ ടെസ്റ്റുകൾ തുടങ്ങി. അതങ്ങനെ ഒരു പത്തു ദിവസം നീണ്ടു. പല വലിപ്പത്തിലുള്ള സൂചികൾ - കയ്യിൽ കുത്തിയിറക്കിയ ഇലക്ട്രോഡുകൾ മുതൽ മയെലോഗ്രാമിന്‌ വേണ്ടി ഒരു നാരായതിന്റെ വലിപ്പമുള്ളത് വരെ  - അവർ പ്രയോഗിച്ചു. ഒരു റേഡിയോളോജിസ്റ് നട്ടെലിന്റെ താഴ്ഭാഗത്തുള്ള മൂന്നും നാലും കശേരുഖണ്ഡങ്ങൾക്കിടയിലേക് അത് കുത്തിയിറക്കിയപ്പോൾ പുറകിൽ കത്തി കൊണ്ട് കുത്തേൽക്കുമ്പോൾ എങ്ങനെ ആണെന്ന് ശരിക്കും മനസ്സിലായി എന്ന് പല്ല് കടിച്ചു പിടിച്ചു കൊണ്ട് ഞാൻ അയാളോട് പറഞ്ഞു. "ശരിക്കും?", അയാൾ ചോദിച്ചു. എന്റെ ശരീരത്തിൽ നിന്ന് ഒരു സിറിഞ്ചിൽ കൊള്ളുന്ന ത്രയും തെളിഞ്ഞ സെറിബ്രോ സ്‌പൈനൽ ഫ്ലൂയിഡ് ഊറ്റിയെടുത്ത് പകരം റേഡിയോ ഒപെക്‌ ആയിട്ടുള്ള ഒരു ദ്രാവകം നിറച്ചു. നട്ടെല്ലിലൂടെ അരിച്ചരിച്ചുള്ള അതിന്റെ മുന്നേറ്റം എക്സ്-റെ ഉപയോഗിച്ച് നിരീക്ഷിച്ചുകൊണ്ട് അയാൾ തന്റെ അസ്സിസ്റ്റന്റുമായി യോർക്ഷയറിലേക്കുള്ള ട്രെയിനുകളുടെ സമയത്തെ പറ്റി ഒരു തർക്കത്തിലേർപ്പെട്ടു.

മയെലോഗ്രാം ചെയ്തു കഴിഞ്ഞാൽ പിന്നെ ഒരാഴ്‌ചത്തേക്ക് ആകെ ഒരു അറപ്പ് തോന്നും. ഞാൻ ഈ സമയമെല്ലാം പല സ്കാനറുകളുടെ തടവിലായിരുന്നു.  ഇവയെല്ലാം, ഗർഭപാത്രംപോലെ ഇടുങ്ങിയതും, ഭയം ജനിപ്പിക്കുന്നതും, ആയിരുന്നു. എന്റെ കഴുത്തിന്റെ ഉള്ള് ചുഴിഞ്ഞുപരിശോധിക്കുമ്പോൾ അവ മൂളുന്നതും ക്ലിക്ക് ചെയ്യന്നതും കേൾക്കാമായിരുന്നു. ന്യുക്ലിയർ മാഗ്നെറ്റിക് ഇമേജിങ് ടെക്‌നിക് ഉപയോഗപ്പെടുത്തുന്ന ഒരെണ്ണത്തിനു ഏകദേശം 2 മില്യൺ പൗണ്ട് വില വരും. നമ്മൾ വിഴുങ്ങിയ ഒരു നാണയം വളരെ കൃത്യമായി അത് കാണിച്ചു തരും. ഡോക്ടറിന് വേണമെങ്കിൽ രാജ്ഞിയുടെ വലത്തെ ചെവിയിൽ ഊഞ്ഞാലാടുന്ന പെന്ഡന്റിനെ വരെ അത് പെരുപ്പിച്ച് കാട്ടി കൊടുക്കും. 

ടെസ്റ്റുകളുടെ റിസൾട് മുഴുവൻ പഠിച്ചു വിലയിരുത്തുന്നത് ഈ രംഗത്തെ ഏറ്റവും പ്രമുഖരിൽ ചിലരാണ്. മൾട്ടിപ്പിൾ സ്ക്ലെറോസിസ് അടക്കം പലതും എനിക്കില്ലെന്ന് ഉറപ്പാക്കുവാൻ അവർ വളരെ ബുദ്ധിമുട്ടി. അപ്പോഴാണ് എന്റെ നട്ടെല്ലിന്റെ മുകൾ ഭാഗത്ത് വേരൂന്നിയ അപൂർവമായ ഒരു  കുഴപ്പം അവരുടെ ശ്രദ്ധയിൽ പെട്ടത്. അവർ അതിനെ അർണോൾഡ് ചിയറി മാൽഫോർമേഷൻ എന്നാണ് വിശേഷിപ്പിച്ചത്. അതൊരുപക്ഷേ  കാഷ്ഗറിലേക്കുള്ള വഴി വരുത്തി വച്ചതാവാം എന്ന് അവർ സംശയിച്ചു. പിന്നെ ആ വഴിക്കുള്ള അന്വേഷണം ഉപേക്ഷിച്ചു. ഒരു സ്കാനിങ്ങിൽ എനിക്ക് ഒരു ചെറിയ സ്‌പൈനൽ ട്യൂമർ ഉണ്ടെന്ന് തെളിഞ്ഞു.തലച്ചോറിൽ ഒരു സർജറി വേണ്ടി വരുമെന്ന് ഞാൻ ഭയന്നു. പിന്നെ കുറച്ച് ദിവസത്തേക്ക് ഞാൻ പ്രാർത്ഥനയും മറ്റുമായി കഴിഞ്ഞു. ഇൻഷുറൻസ് പോളിസിയെക്കുറിച്ച് ആലോചിച്ച് വേവലാതിപ്പെട്ടു. സന്ദർശക സമയത്ത്, പ്രക്ഷുബ്ധമായ എന്റെ മനസ്സ് തന്നെയാണ്, എന്റെ ബന്ധുക്കളുടെ കണ്ണുകളിൽ, ഞാൻ കണ്ടത്. പിന്നെ ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞാൻ ചിറാപുഞ്ചി പിന്നെയും സ്വപ്നം കണ്ടു. എന്തായാലും തുടർന്ന് ആഴത്തിൽ നടത്തിയ സ്കാനിങ്ങിൽ ഞങ്ങൾ ബോക്സിങ് നടത്തി കൊണ്ടിരുന്നത് വെറും നിഴലുകളോടായിരുന്നുവെന്ന് തെളിഞ്ഞു. പ്രസന്നമായ  ഒരു പ്രഭാതത്തിൽ നമ്മുടെ ഗൗരവക്കാരൻ യുവ റജിസ്ട്രാർ, ചിരിച്ചുകൊണ്ട് പറഞ്ഞു, ആ ട്യൂമർ അത്ഭുതകരമായി അലിഞ്ഞു പോയെന്ന്.


'എന്ന് വച്ചാൽ', ഞാൻ ചോദിച്ചു

'ഒരു മയക്കാഴചയായിരുന്നു. ഒരു നിഴൽ തെറ്റിദ്ധരിച്ചതാണ്'

രോഗ വിവരം ധരിപ്പിക്കുന്നതിനായി, ജോൺ മോർഗൻ ഹ്യുഗ്സ്, ശുഭ്ര വസ്ത്ര ധാരികളായ തന്റെ പരിചാരക വൃന്ദത്തോടൊപ്പം, അവസാനമായി എന്നെ കാണാൻ വന്നു. ചൈനീസ് ജീപ്പിലെ യാത്ര നട്ടെല്ലിന് ക്ഷതമേല്പിച്ചിരിക്കാം. അത് എന്നിൽ ജാത്യാലുള്ള അർണോൾഡ് ചിയറി മാൽഫോർമേഷൻ വഷളാക്കിയിട്ടുണ്ടാവും. തലച്ചോറിലെ സെറിബെല്ലത്തിന്റെ താഴത്തുള്ള ഒരു ടോൺസിൽ നട്ടെലിന്റെ മുകൾ ഭാഗത്തു മുട്ടുന്നത് കൊണ്ടാണ് മരവിപ്പും തരിപ്പും ഉണ്ടാവുന്നത് എന്നദ്ദേഹം വിശദീകരിച്ചു. ഈ അവസ്ഥ തനിയെ മാറിയെന്നു വരാം; അങ്ങനെ  തന്നെ തുടരാനുള്ള സാധ്യതയുമുണ്ടത്രേ. എന്തായാലും നിലവിൽ ചികിത്സയൊന്നുമില്ല. വലുതും ലക്ഷണംകെട്ടതുമായ ഒരു ഓർത്തോപേടിക് കോളർ തന്നിട്ട്, യാത്ര ചെയ്യുമ്പോൾ, ഞാൻ, അത് ധരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. കുലുക്കമുള്ള വഴികളും ജീപ്പ് യാത്രയും ഒഴിവാക്കണമെന്നും പറഞ്ഞു. ഒരിക്കൽക്കൂടി നട്ടെല്ലിന് ക്ഷതമേൽക്കുന്ന രീ തിയിൽ എടുത്തെറിയുകയുന്നോ വീഴുകയോ ചെയ്താൽ ശിഷ്ട കാലം വീൽ ചെയറിൽ ജീവിച്ചു തീർക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകാനും അദ്ദേഹം മറന്നില്ല. ചിലപ്പോൾ സർജറി കൊണ്ട് പ്രശ്ന പരിഹാരം സാധ്യമാവുമെന്നും ആയതിനാൽ, ഇതേക്കുറിച്ചു പഠിച്ച് വേണ്ട നിർദേശം നൽകണമെന്ന്, തന്റെ സഹപ്രവർത്തകനായ ന്യുറോസർജൻ ഡേവിഡ് ഗ്രാന്റിനോട്, അദ്ദേഹം ആവശ്യപ്പെട്ടു. 


തീയറ്ററിലെ തിരക്കുകൾക്ക്‌ ശേഷം ഒരു വൈകുന്നേരം മിസ്റ്റർ ഗ്രാന്റ് നഴ്സുമാരുടെ ക്യൂബിക്കിളിലേക്ക് പോയി. വളരെ ശ്രദ്ധയോടെ, ഏകദേശം ഒരു മണിക്കൂറോളം, എന്റെ ഫയൽ പഠിച്ചു കൊണ്ട്, നിശ്ചലമായി ഒരേ ഇരുപ്പു തന്നെയായിരുന്നു.  അദ്ദേഹത്തിന്റെ നേർത്ത രൂപം, ചില്ലുകൾക്കുള്ളിലൂടെ, എനിക്ക്, കാണാമായിരുന്നു. ഒടുവിൽ പുള്ളിക്കാരൻ പുറത്തു വന്നു. വടിവൊത്ത ശരീരമായിരുന്നു അദ്ദേഹത്തിന്റേത് . താൻ സർജറി നിർദ്ദേശിക്കുന്നില്ലെന്ന്, നമ്മെ ബേജാറാക്കും വിധം ഇടറാത്ത നോട്ടം സമ്മാനിച്ച് കൊണ്ട്, അദ്ദേഹം, പ്രസ്താവിച്ചു. വിജയിക്കാനുള്ള സാധ്യത അമ്പതു ശതമാനം മാത്രമേ ഉള്ളുവെന്നും ഏതു തന്നെയായാലും  എന്നെന്നേക്കുമായി സുഖപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ അദ്ദേഹത്തോടും നാഷണൽ ഹെൽത്ത് വാർഡിലെ മറ്റെല്ലാവരോടും നന്ദി പറഞ്ഞു. ഔട്ട് പേഷ്യന്റ് വാർഡിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് ഡിസ്പെൻസിങ് മെഷീനിൽ ചോക്ലേറ്റ് ബാറുകൾക്ക് നൽകേണ്ടി വന്ന തുച്ഛമായ പണം-ഒരു പൗണ്ടിൽ താഴെ മാത്രം-അല്ലാത്ത വേറെ ഒന്നും തന്നെ എനിക്ക് ചിലവായില്ല. ലഭിച്ചാകട്ടെ ഏറ്റവും മികച്ച ന്യുറോളജിക്കൽ പരിചരണവും. ഇങ്ങനെ ഒക്കെ ചിന്തിച്ചു കൊണ്ട്, ഞാൻ, റസ്സൽ സ്‌ക്വയറിലെ അണ്ടർ ഗ്രൗണ്ട് റയിൽവേ സ്റ്റേഷനിലേക്ക്, ധൃതിയിൽ നടന്നു. അവിടെ നിന്നും വീട്ടിലേക്കുള്ള ട്രെയിൻ പിടിച്ചു.

കുറച്ചു ദിവസങ്ങൾക്കുള്ളിൽ എനിക്ക് ഡിപ്രെഷൻ പിടിപെട്ടു. ഷർട്ടിന്റെ ബട്ടൻസും ഷൂ ലേയ്സും ആണ് ഇതിന് തുടക്കം കുറിച്ചത്. ഇവ ശരിയാക്കാൻ എടുക്കുന്ന സമയം നമ്മെ ഭ്രാന്തു പിടിപ്പിക്കും. നിസ്സാരമായ ഇത്തരം ജോലികൾക്ക് ഇപ്പോൾ കഠിനാദ്ധ്വാനവും ഏകാഗ്രതയും വേണമെന്ന് വരുന്നു. ചില അവസരങ്ങളിൽ ഭാര്യയുടെ സഹായം പോലും വേണ്ടി വന്നു. എന്റെ ഈ കഴിവുകേടിനെ പറ്റി പുറംലോകം അറിഞ്ഞു. ഞാൻ മണ്ടനും പ്രകൃതനുമാണെന്ന ഒരു തോന്നൽ ഉണ്ടാകാനിടയുണ്ടെന്ന് തോന്നി. ഈ നാണക്കേട് ഒഴിവാക്കാനുള്ള ചില പ്രായോഗിക മുൻകരുതലുകൾ ഞാനും എടുത്തിരുന്നു (രോഗ സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം, ഞാൻ, തപ്പി തടഞ്ഞ്, നാണയ തുട്ടുകൾ എടുക്കുന്നത് കാണുമ്പോൾ ചില കച്ചവടക്കാർ കണ്ണുരുട്ടും. ഇത് മനസ്സിലാക്കി, ഞാൻ, അവ നേരത്തെ തന്നെ, തയ്യാറാക്കി വയ്ക്കും). സ്ഥിതിഗതികൾ ആകെ മാറി വരുകയിരുന്നു. ഞാൻ ഉദാസീനനാനയി ഭവിച്ചു. ജോലികൾ ചെയ്യാനും ബുദ്ധിമുട്ടായിരുന്നു. കൈകളിലെ മരവിപ്പും-നിവർത്തി പിടിച്ചാൽ അല്പനേരത്തേക്ക് ഒരു ആശ്വാസം ലഭിക്കുമെങ്കിലും- എന്നെ അലട്ടുന്നുണ്ടായിരുന്നു. ഒരു കാലത്ത്, വലുതല്ലെങ്കിലും സുഖമുള്ള ഒരു വീടായിരുഞ്ഞു അത്. പ്രയോജനമുള്ളതും പരിചിതവുമായ ഫോർണിച്ചറുകൾ അവിടെ ഉണ്ടായിരുന്നു. ഇന്നിത്, ഇരുളടഞ്ഞ, തണുത്തുറഞ്ഞ, ആവാസ യോഗ്യമല്ലാത്ത ഒരു ഗുഹയാണ്.   അങ്ങനെ പറയത്തക്കതൊന്നും അവിടെ സംഭവിക്കുന്നില്ല. ഞാൻ അവിടം വിട്ടു വെളിയിലേക്കിറങ്ങാൻ നിർബന്ധിതനായി. എന്റെ ഏകാഗ്രത കുറഞ്ഞു. ഞാൻ കുറെ കുടിച്ചു. ഒരു രാത്രി, ഒരു പാർട്ടിയിൽ വച്ച്, ഞാനെന്റെ ഡോക്ടറെ, കണ്ടു. പുള്ളിക്കാരൻ എന്റെ അടുത്തു വന്നു പറഞ്ഞു , 'ഇത് നിന്റെ മൂന്നാമത്തെ വിസ്കി ആണ് കേട്ടോ'

'അതെ', ഞാൻ പറഞ്ഞു

' ഇതൊരു പരിഹാരമല്ല അലക്സ്. ഒരു താത്കാലിക ആശ്വാസം നൽകുമെങ്കിലും നിന്റെ നെർവ്സ് സിസ്റ്റത്തിന്റെ ഇത് ദോഷമായി ബാധിക്കും. നീ നിന്റെ എൻജിനിൽ മണലിടുകയാണ്'

'ശരി', ഞാൻ വിസ്കിക്ക് പകരം ഒരു ഓറഞ്ച് ജ്യൂസ് എടുത്തു. അദ്ദേഹം അങ്ങോട്ട് നീങ്ങിയപ്പോൾ അതിലേക്ക് വോഡ്ക ചേർത്ത് അടിതുടങ്ങി. എന്റെ എൻജിന്റെ എല്ലാ സിലിണ്ടറുകളിലും അന്ഗിസ്പുലിംഗങ്ങൾ ചിതറി. ഡോക്ടർമാർ! അവരിപ്പോൾ ഒരു ശാപമായി മാറിയിരിക്കുന്നു.

യാഥാർഥ്യ ബോധം ഉണ്ടായത് അടുത്ത ദിവസമാണ്. ഒരു കൊടുങ്കാറ്റ് , ശരത്കാലത്തിലെ ഇലകൾ, അന്നാദ്യമായി, പൊഴിച്ചു. ഇതുമായി ബന്ധപ്പെട്ട് നാഷണൽ ഒരു ശക്തമായ മുന്നറിയിപ്പ്  നൽകുകയുണ്ടായി.  മഴ വീണ് ഇലകൾ വഴുവഴുപ്പുള്ളതാകയാൽ ശ്രദ്ധിച്ചില്ലെങ്കിൽ തെന്നി വീഴാനുള്ള സാഹചര്യം ഉണ്ട്. മഞ്ഞ് പെയ്താൽ അത്രയും അപകടമില്ല. ഇപ്പോൾ പൊതു നിരത്തിലൂടെ ചുമ്മാ ഒന്ന് ചുറ്റിയടിക്കുമ്പോൾ പോലും വല്ലാതെ ഉത്ഖണ്ഠപ്പെടുന്നു. ഒരു കിളവനെ പോലെ, ശ്രദ്ധയോടെ, വേച്ച് വേച്ച്, കെണികൾ നിറഞ്ഞ ആ ലോകത്തിലൂടെ ഞാൻ നടന്നു.

ഞാൻ കാറിലോ ബസ്സിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ ഓർത്തോപീഡിക് കോളർ ധരിച്ചിരുന്നു. പൂണെല്ലിന്റെ താഴെ നിന്ന് തുടങ്ങുന്ന ഒരു തരം ഫോം - പ്ലാസ്റ്റിക് ചട്ടയായിരുന്നു അത്. അത് ധരിച്ച എന്നെ കണ്ടാൽ ഒരു മൗന നാടകത്തിലെ ചീർത്ത തവളയെപ്പോലെ തോന്നിച്ചിരുന്നു.

സ്കൂൾ കുട്ടികൾ അടക്കിചിരിച്ചു. മുതിർന്നവരുടെ തുറിച്ചു നോട്ടം എന്റെ കണ്ണുകളിൽ ഉടക്കിയപ്പോൾ അവർ പൊടുന്നനെ തല വെട്ടിച്ച് ഇടങ്കണ്ണിട്ട് നോക്കികൊണ്ട് നടന്നു പോയി.  ഒരിക്കൽ ഒരു വയസ്സായ സ്ത്രീ എഴുന്നേറ്റ്, എനിക്കായി, അവരുടെ സീറ്റ്, ഒഴിഞ്ഞു തന്നു. അന്ന് ഞാൻ വീട്ടിൽ ചെന്ന് ആ കോളർ ചുവരലമാരയുടെ പിന്നിലേക്ക് വലിച്ചെറിഞ്ഞു. അതുപയോഗിക്കാത്തത് മൂലം ഉണ്ടായേക്കാവുന്ന ശാരീരിക പ്രശ്നങ്ങളെക്കാൾ ഒട്ടും ചെറുതല്ലായിരുന്നു എന്റെ ആത്മാഭിമാനത്തിന് അതേൽപ്പിച്ചു കൊണ്ടിരുന്ന ക്ഷതം.

എന്നെ ഡിസ്ചാർജ് ചെയ്ത് മാസങ്ങൾക്ക് ശേഷം, അവസാനമായി ഒരിക്കൽക്കൂടി, നാഷണൽ ഹോസ്പിറ്റൽ , പതിവ് പരിശോധനകൾക്കായി, വിളിപ്പിച്ചു.  മാർച്ച് മാസത്തിലെ ഒരു അരണ്ട അപരാഹ്നമായിരുന്നു അത്. പതിവ് പോലെ ഔട്ട് പേഷ്യന്റസിന്റെ വെയ്റ്റിങ് റൂമിൽ രോഗപീഡ അനുഭവിക്കുന്നവരും ഖിന്നമായ മുഖത്തോടെ അവരുടെ ബന്ധുക്കളും കൂടി നിന്നിരുന്നു. ഒരു സ്ത്രീ വന്ന് എന്റെ അടുത്തുള്ള ഒഴിഞ്ഞ ഒരു കസേര ചൂണ്ടി അവിടെ മറ്റാരെങ്കിലുമുണ്ടോ എന്ന് ചോദിച്ചു. അവരുടെ മിനുസമുള്ള, കറുവപ്പട്ടയുടെ നിറമുള്ള തൊലിയും ആകർഷകമായ മുഖ ലക്ഷണങ്ങളും - വീതിയുള്ള നെറ്റി, കൊത്തി വച്ച പോലത്തെ കവിളെല്ലുകൾ, തിളങ്ങുന്ന പച്ച കണ്ണുകൾ - ഞാൻ ശ്രദ്ധിച്ചു. അവരുടെ വസ്ത്രങ്ങളും എന്റെ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റി. വീതിയുള്ള കരയോട് കൂടിയ ഒരു സ്പാനിഷ് റൈഡിങ് ഹാറ്റും, മുട്ടോളമെത്തുന്ന തിളക്കമുള്ള ബൂട്ടുകളും, ഇറക്കം കുറഞ്ഞ ഒരു സ്കേർട്ടുമായിരുന്നു അവർ ധരിച്ചിരുന്നത്. അവരുടെ കാലുകൾ അതി മനോഹരമായിരുന്നു.

അവളൊരു നെടുവീർപ്പോടെ അവിടെയെങ്ങും വ്യാപിക്കുമാറ് അപ്രതീക്ഷിതമായ ഒരു ഭാവ പ്രകടനം കാഴ്ച വച്ചു. 'ദൈവമേ!', അവൾ പറഞ്ഞു.

'അത്ര രസമുള്ള  ഇടമല്ല', ഞാനും സമ്മതിച്ചു
'ആർക്കു വേണ്ടിയാണ് താങ്കൾ വെയിറ്റ് ചെയ്യുന്നത്'
'ആരുമില്ല', ഞാൻ പറഞ്ഞു,'ഞാൻ തന്നെയാണ് രോഗി'
'ഓ?' അവൾ ആ മനോഹരമായ കണ്ണുകൾ കൊണ്ട് എന്നെ സസൂസ്‌ക്ഷ്മം നിരീക്ഷിച്ചു. 'നിങ്ങളെ കണ്ടിട്ട് അസുഖമുള്ളതു പോലെ തോന്നുന്നില്ലല്ലോ'

ബ്രിട്ടനിലെ വരേണ്യ വർഗ്ഗത്തിന്റെ തനതായ ശൈലിയിലായിരുന്നു സംസാരമെങ്കിലും അവൾ ആ വിഭാഗത്തിൽ പെട്ടതായിരുന്നില്ല. ബ്രിട്ടീഷ് വനിതകൾ ഇത്രയും നിഷ്കപടമായി സംസാരിക്കില്ല. ഞാൻ എന്റെ അവസ്ഥയെപ്പറ്റി ഒരു ലഘു വിവരണം നൽകിയപ്പോൾ അവൾ ശ്രദ്ധയോടെ കേട്ടിരുന്നു. തന്റെ വലിയ ലെതർ ബാഗിൽ നിന്നും ഒരു ചെറിയ പാക്കറ്റ് സ്വിസ് ചെറൂട്സ് പുറത്തെടുത്തു. 

'നമുക്ക് ഒരു പുകച്ചാലോ?'

ആ മുറിയിൽ പകുതി ആളുകളും പുക വലിക്കുന്നുണ്ടായിരുന്നു. അവൾ എനിക്കും ഒരെണ്ണം വച്ച് നീട്ടി. ഒരു ലിക്വിഡ് ഫ്യൂൽ സിപ്പോ ലൈറ്റർ കൊണ്ട് കത്തിച്ച് വലി തുടങ്ങി. അതിന് ഏതാണ്ട് ഇരട്ടിമധുരത്തിന്റെ രുചിയാണ് തോന്നിയത്.  

'എന്റെ ഭർത്താവും ഇവിടുണ്ട്', അവൾ പറഞ്ഞു. 'നിങ്ങളെ പോലെ രോഗിയാണ്. ഇവിടെ ഒരു സ്പെഷ്യലിസ്റ്റിനെയാണ് കാണുന്നത്. എന്നോട് മൂന്നു മണിക്ക് ഇവിടെ കാണാമെന്നാണ് പറഞ്ഞത്. പുള്ളിക്കാരൻ അതിപ്പോൾ ഓർക്കുന്നുണ്ടാകുമോ എന്തോ'

'അദ്ദേഹത്തിന് എന്താണ് കുഴപ്പം?'

'മൈഗ്രേയ്ൻസ്. ഏതാണ്ട് വളരെ കൃത്യമായി മൂന്ന് കൊല്ലത്തിലൊരിക്കൽ വരും. "ക്ലസ്റ്റർ എഫ്ഫക്റ്റ്" എന്നോ മറ്റോ ആണ് പറയുന്നത്. അത് വരുമ്പോൾ അങ്ങേർക്ക് ഭ്രാന്ത് പിടിച്ചപോലെയാണ്. ഒരസ്സൽ കുറുക്കൻ. ഇപ്പൊൾ മിക്കവാറും അവിടെ ഡോക്ടറിന് നല്ല തമാശപ്പാട്ടൊക്കെ പാടി കൊടുത്തു കൊണ്ട് ഇരിക്കുന്നുണ്ടാവും.

ഞാൻ ചിരിച്ചു. വളരെ നാളുകൾക്ക് ശേഷം അനക്കമില്ലാതെ കിടക്കുകയായിരുന്ന ആത്മാവിന്റെ  ഒരു നേരിയ ചലനം എനിക്കപ്പോൾ അനുഭവപെടുകയായിരുന്നു. ഈ അടുത്ത കാലത്ത് അത് മാർബിൾ പോലെ  സാന്ദ്രത കൂടിയ ഒന്നായി മാറിയിരുന്നു. 

അവരുടെ ഭർത്താവിന്റെ പേര് അലോഷ്യസ് എന്നാണെന്ന് പറഞ്ഞു. ചിലരൊക്കെ അയാളെ പണക്കാരനും ഒരു ഗുണവുമില്ലാത്തവനും ആയി കണക്കാക്കാറുണ്ട്. ഒരു പ്രസാധകൻ എന്ന നിലക്ക് വലിയ വിജയമൊന്നുമല്ലെങ്കിലും പുള്ളികാരനാന് അതൊന്നും ലവലേശം കൂസലില്ല. സ്വയം ഒരു ഗ്ലൈഡർ പൈലറ്റ് എന്ന് വിശേഷിപ്പിക്കുവാനാണ് അയാൾക്ക് താത്പര്യം. ബോംബെയിൽ അവരുടെ വീടിനോട് ചേർന്ന് ഒരു ചെറിയ എയർ സ്ട്രിപ്പ് ഉണ്ട്. അയാൾ ഏതാണ്ട് മുഴുവൻ സമയവും ആ ആകാശത്താണ് ചിലവഴിച്ചത്. പറന്നു കയറ്റത്തിൽ അയാൾക്ക് ഒരു ഓൾ ഇന്ത്യ റെക്കോർഡ് തന്നെ ഉണ്ട്.  പശ്ചിമ ഘട്ടത്തിന് മുളകിലൂടെ അതിശക്തമായ കാലവർഷ കാറ്റിൽ സാഹസികമായി ഗ്ലൈഡ് ചെയ്യുമ്പോഴാണ് അത് സംഭവിച്ചത്. കാറ്റ്, ആർക്കും കാണാനാവാത്ത അത്ര മുകളിലേക്ക്, ഗ്ലൈഡറിനെ, പറത്തി കൊണ്ട് പോയി. സത്യത്തിൽ കാറ്റ് അയാളെ ബർമക്ക് കൊണ്ട് പോയെന്നാണ് അവരപ്പോൾ കരുതിയതത്രെ. 

'എക്സ്ക്യൂസ്‌ മീ', അവൾ ഒരു ചെറു ചിരി സമ്മാനിച്ചുകൊണ്ട്  എന്റെ അരികിലേക്ക് ചാഞ്ഞ് കോട്ടിന്റെ കോളറിൽ നിന്ന് ഒരു മുടി എടുത്തു കളഞ്ഞു.

'മൺസൂണിനോടനുബന്ധിച്ച് കാറ്റുണ്ടെന്ന് എനിക്കറിയില്ലായിരുന്നു', ഞാൻ പറഞ്ഞു 

'പിന്നില്ലാതെ!, കാറ്റാണല്ലോ മഴ കൊണ്ടു വരുന്നത്. പൊടുന്നനെ പൊട്ടിത്തെറിച്ചു കൊണ്ട് കാലവർഷം എത്തുന്ന കാഴ്ച്ച നിങ്ങൾ കണ്ടിട്ടുണ്ടാകില്ലല്ലൊ. അങ്ങ് ബോംബെയിൽ അതൊരു വലിയ സംഭവം ആണ്. മാസങ്ങളോളം നഗരം ആകെ എരിപൊരി കൊണ്ടിരിക്കുകയാവും. മിക്കവാറും ജൂൺ പത്താം  തിയതി   ഉച്ച തിരിയുന്നതോടെ  വലിയ കാർമേഘങ്ങൾ കടലിനു മുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങും. വലിയ താമസമില്ലാതെ കാറ്റും വരും. അതി ശക്തമായ കാറ്റ് ചെറു ബോട്ടുകളെ പോലും മുക്കിക്കളയും. കാറ്റ് തീർന്നാൽ ആകെ ഇരുണ്ട് കൂടുകയായി. പിന്നെ ഭയങ്കരമായ ഇടിവെട്ടും മിന്നലുമുണ്ടാകും. പിന്നെയാണ് - അതി വൃഷ്ടി!. പൊടുന്നനെ അന്തരീക്ഷം തണുക്കും എങ്ങും പൂക്കളുടെ സുഗന്ധം നിറയും. അത് ആഹ്ലാദത്തിന്റെ നാളുകളാണ്. പുനരുജ്ജീവനത്തിന്റെ നാളുകൾ.' അവൾ എന്നെ നോക്കി നെറ്റി ചുളിച്ചു. 'അപ്പോഴാണ് ഒരു പക്ഷെ ഞാൻ ഏതാണ്ട് മുഴുവനായും ഒരു ഇന്ത്യക്കാരിയാണെന്ന തോന്നൽ ഉണ്ടാവുന്നത്' 


ഇത് കേട്ടപ്പോഴാണ് ഞങ്ങളുടെ ദ്വീപിലെ മഴയെക്കുറിച്ച ഞാൻ ഓർത്തുപോയത്. അതെപ്പറ്റി ചിന്തിച്ചിട്ട് തന്നെ വർഷങ്ങളായെങ്കിലും ഇപ്പോഴെന്റെ മനസ്സിൽ അത്  പിന്നെയും ശബ്ദകോലാഹലങ്ങളുണ്ടാക്കിക്കൊണ്ട് പെയ്യുകയാണ്. ഒരു ലെന്സിലൂടെയെന്ന പോലെ തെളിമയുള്ള ദൃശ്യമാകയാൽ വരാന്തയിലെ ഫ്ലോർബോർഡുകളിലെ വിള്ളലുകലും മച്ചിലെ മാറാലകളും എനിക്ക് കാണാൻ സാധിക്കുന്നുണ്ട്. എന്റെ അച്ഛൻ ഒടിഞ്ഞ കമ്പികളുള്ള തന്റെ പഴയ കുടയും കുത്തിപ്പിടിച്ചു നടക്കുന്നതും കാണാനാവുന്നുണ്ട്. നേർത്ത് ചിതറിയ പ്രകാശം. ക്ഷണ നേരത്തേക്കെങ്കിലും മഴ സമ്മാനിക്കാറുള്ള ആകര്‍ഷക്ത്വത്തിന്റെ 
വിചിത്രമായ ഒരവസ്ഥ എനിക്കപ്പോൾ അനുഭവപ്പെട്ടു. മഴ എന്റെ പാപങ്ങളെ കഴുകി കളയുമായിരുന്നു. അത് പക്ഷെ അക്ഷരാർത്ഥത്തിൽ അല്ല. കാരണം ഞാൻ പൊതുവെ വീടിനുള്ളിൽ നിന്നും പുറത്തിറങ്ങാറില്ലായിരുന്നു. അവിടെയിരുന്ന് മഹാദുരന്തം വിതക്കുന്ന തെറ്റുകൾ ചെയ്തിരുന്നു. ഉദാഹരണത്തിന് പള്ളിയിലെ തുടുത്ത ഗൊലൈറ്റ്ലി സഹോദരിമാരെ തുണിയുരിക്കുന്നതായി മനസ്സിൽ സങ്കൽപ്പിക്കുന്നത് (അവരുടെ അര കിറുക്കൻ പിതാവിനെ പാഴ്സിഫാൽ പായ്ക്കപ്പലിന്റെ കപ്പിത്താനാക്കും) എനിക്ക് വലിയ കാര്യമൊന്നുമല്ലായിരുന്നു.  

പണ്ട് മഴ നൽകിയിരുന്ന മനസുഖവും സമാധാനവും ഒരു ചെറിയ അളവിൽ എനിക്കിപ്പോൾ അനുഭവപെട്ടു. അത് പോലെ മഴയുള്ള സാഹചര്യങ്ങൾ എനിക്കും സുപരിചിതമാണെന്ന് ഞാൻ അവളോട് പറഞ്ഞു. ചിറാപുഞ്ചിയുടെ പഴയ ചിത്രം എന്റെ മനസ്സിലേക്ക് വന്നു   






Comments